Monday, September 21, 2020

 കുട്ടപ്പായി - സ്നേഹത്തിന്റെ നിറകുടം 




ഒരു പക്ഷെ , ആദ്യമായിട്ടായിരിക്കും ഇത്രയും പ്രായം  കുറഞ്ഞ ഒരു കാര്യസ്ഥനെ മലയാള സിനിമയിൽ കാണുന്നത്. തന്റെ മുതലാളിയെ ഇത്രമാത്രം സ്നേഹിക്കുന്ന,പറഞ്ഞുവിട്ടാലും  താൻ  നാട്ടിൽ പോയി ജീവിക്കും എന്ന് വെല്ലുവിളിക്കുന്ന മണ്ണിൽ  പണി എടുക്കാൻ ഇഷ്ടമുള്ള ഒരു ജോലിക്കാരൻ. മുതലാളിയുടെ മദ്യപാനം കൂടുതൽ ആയതു കൊണ്ട് അദ്ദേഹവുമായുള്ള 

കൂട്ടുകെട്ട് വരെ ഉപേക്ഷിക്കാൻ തയ്യാറുള്ളവൻ. വല്ലപ്പോഴും കള്ളിന്റെ കൂടെ ഇത്തിരി ഭക്ഷണം കൂടി കഴിക്കാൻ ആവശ്യപെടുന്നവൻ. കന്നുകാലികൾക്ക് കുളമ്പു ദീനം വന്നപ്പോഴും, പാലിന്റെ കാശ് കിട്ടാതെ വന്നപ്പോഴും, അതെല്ലാം ഒരു കാരണം ആയി എടുത്തു, മുതലാളിയെ കാണാൻ ബാംഗ്ലൂർ വരെ വന്നവൻ .

അവസാനം എല്ലാവരും മണ്മറഞ്ഞു പോയപ്പോഴും, നാട്ടിലേക്കു മടങ്ങി പോകാതെ ഉടമസ്ഥന്റെ വീടും സ്ഥലവും നോക്കി കുട്ടപ്പായി ഇപ്പോഴും കഴിയുന്നുണ്ടാകും. 

ജയരാജ് - രഞ്ജിത് - മമ്മൂട്ടി കൂട്ടുകെട്ടിൽ പിറന്ന "ജോണി വാക്കർ " എന്ന ചിത്രം  ഒരിറ്റു കണ്ണുനീർ പൊടിയാതെ മുഴുമിപ്പിക്കാൻ ആവില്ല. 

Saturday, September 5, 2020

 

ഭൂമിയിൽ ഒരു സ്വർഗം ഉണ്ടെങ്കിൽ അത് ഇവിടെയാണ്എന്ന് പറഞ്ഞ മഹാന് സ്തുതി !!!

അതെ ..എന്ത് മനോഹരമാണ് കാശ്മീർ  !!!!

മഞ്ഞുപൊതിഞ്ഞ താഴ്വരകളും അവിസ്മരണീയ മായ അനുഭൂതി നൽകുന്ന ....ചെറു തടാകങ്ങളും . കുന്നുകളും....മലകൾക്കിടയിലൂടെയുള്ള റോഡുകളും ....കണ്ണിനു കുളിർമ തന്നെ ... ഏതൊരു സഞ്ചാരിയുടെയും സ്വപ്നം തന്നെ ആണ് കാശ്മീർ ...

ജീപ്പ് ഡ്രൈവിംഗ് ഇത്തിരി ശ്രമകരമായ പണി ആണെങ്കിലും ...ഇതിലൂടെ ആയതു കൊണ്ട് ക്ഷീണം അറിയുന്നേ ഇല്ല..അല്ലെങ്കിലും ഇന്ന് ഞാൻ ക്ഷീണിക്കില്ല ...ഒരു വലിയ നേട്ടം കൈവരിച്ചതിനു ശേഷമുള്ള തിരിച്ചു വരവാണ് .. ഇപ്പോഴാണ് ജീവിതത്തിൽ എന്തെങ്കിലും ചെയ്തു എന്നൊരു തോന്നൽ വരുന്നത് തന്നെ ...

..ഇന്ത്യൻ ആർമിയിൽ ചേർന്നിട്ടു 6  വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു ...ഇവിടെ വന്നതിനു ശേഷം നാട്ടിലേക്ക് പോയിട്ടില്ല ..2 വർഷം ആകാറായി.. ...അല്ലെങ്കിലും എന്തിനാ പോകുന്നെ? ..

."ഈശോയെ " എന്നു ഉറക്കെ വിളിക്കാനേ പറ്റിയുള്ളൂ ...ഒരു കാശ്മീരി ചെറുക്കൻ സൈക്കിൾ ഓടിച്ചു ജീപ്പിനു മുന്നിലേക്ക് ...അവനു ചാകാൻ എന്റെ വണ്ടിയെ കിട്ടിയൊള്ളോ..തൊട്ടു തൊട്ടില്ല എന്ന പോലെയാ അവൻ രക്ഷപെട്ടത് ..ഞാൻ ജീപ്പ് നിർത്തി പുറത്തേക്കിറങ്ങി ...അവനും പേടിച്ചിരുന്നു ശരിക്കും ..ഭീതിയോടെ അവൻ നിർത്താതെ പോയി ...സൈക്കിളിന്റെ പുറകിൽ കുറച്ചു ചുവന്ന റോസാപ്പൂക്കൾ കൊണ്ടൊരു ബൊക്കെ ഉണ്ടായിരുന്നു..ഒരു പൂവ് റോഡിൽ വീഴുന്നത് ഞാൻ കണ്ടു.. ബൊക്കെ ശരിക്കും മുറുക്കി കെട്ടിയിരുന്നില്ല ...ആരെങ്കിലും  അവനു തിരിച്ചു കൊടുത്തു വിട്ടതായിരിക്കുമോ ...ഇനി ചിലപ്പോൾ പ്രണയം അറിയിച്ചതാണോ ...ചുവന്ന റോസാപ്പൂക്കൾ പ്രേമത്തിന്റെ ചിഹ്നം ആണല്ലോ ..അവന്റെ പ്രണയാഭ്യർത്ഥന കേട്ട പെണ്ണ് അവന്റെ മുഖത്തേക്ക് എറിഞ്ഞതാണോ...എന്തെങ്കിലും ആവട്ടെ ...ഒരു മെന്തോൾ സിഗരറ്റ് തീരുന്നതു വരെ ഉള്ളു ഈ ചിന്തകൾ എല്ലാം ...ഞാൻ ജീപ്പ് സ്റ്റാർട്ട് ചെയ്തു വീണ്ടും യാത്ര തുടർന്നു..എല്ലാവരും പ്രണയിക്കാൻ ഇഷ്ടപെടുന്നു ...അവസാനം തേപ്പു കിട്ടി കഴിയുമ്പോൾ ജീവിതം അവസാനിപ്പിക്കാൻ വരെ മുതിരുന്നു ...വേറെ പണി ഒന്നും ഇല്ലേ ഇവന്മാർക്ക് ....കഷ്ട്ടം..അല്ലാതെന്തു പറയാൻ ...

അല്ല  പ്രണയിക്കുന്നവരെ കുറ്റപ്പെടുത്താൻ എനിക്കെന്താ അവകാശം  ...ഞാനും ഒരിക്കൽ സ്നേഹിച്ചതല്ലേ ...അവനെ പോലെ മഴയത്തു സൈക്കിളിൽ ഒരു റോസാപ്പൂവുമായി എന്റെ സ്നേഹം അവളെ അറിയിക്കാൻ പോയതല്ലേ..

...ഇത്രെയും ഓർത്തപ്പോഴേക്കും  ക്വാർട്ടേഴ്സ് എത്തി . വാതിൽ  തുറന്നു അകത്തു കയറി..യൂണിഫോം അഴിച്ചു ഹാങ്ങറിൽ ഇട്ടു ..എന്റെ മെഡലുകൾ ഒന്നുകൂടെ നോക്കി സന്തോഷിച്ചു .. മേജർ ഖാൻ സാബ്ഞങ്ങളെ എല്ലാവരേം പൊക്കി പറഞ്ഞത് കേട്ടപ്പോൾ സങ്കടം വന്നു പോയി ....ട്രെയിനിങ് സമയത്തു പച്ച വെള്ളം തരാതെ ഇട്ട ആൾ ആണ് ...അന്ന് അയാളെ വിളിച്ച തെറിക്കു കണക്കില്ല... ആത്മഹത്യയുടെ വക്കിൽ നിന്നും രക്ഷപെടാൻ വേണ്ടിയാ ആർമിയിൽ കേറിയത് ..ക്യാമ്പിൽ കിടന്നു ചാകുമെന്നാ കരുതിയെ ...എന്തായാലും എല്ലാ ദൈവങ്ങളോടും നന്ദി പറയുന്നു ...മൊബൈൽ ഓൺ ചെയ്തു ..മിസ് കാൾ ഉണ്ടല്ലോ .. ചേട്ടൻ ആണ് ..അവാർഡ് ഫങ്ക്ഷന് എങ്ങിനെ ഉണ്ടായിരുന്നു എന്നറിയാൻ വീട്ടിൽ നിന്നും എല്ലാരും കൂടി വിളിക്കുന്നതാവും ...കുറച്ചു കഴിയട്ടെ ...എന്നിട്ടു തിരിച്ചു  വിളിക്കാം...എന്നാ വരുന്നേ എന്നു ചോദ്യത്തിന് ഉത്തരം കൊടുക്കണം ..

ആദ്യം തണുപ്പ് മാറ്റാൻ 2 പെഗ് അടിക്കണം ..എന്നിട്ടാവാം ബാക്കി.. പക്ഷെ  . ഇപ്പോഴും ആ ചെറുക്കന്റെ മുഖം മനസ്സിൽ നിന്നും മായുന്നില്ല ...6 വർഷങ്ങൾക്കു മുൻപുള്ള ഞാൻ തന്നെ അല്ലെ അത് ..അതെ അവൻ എന്റെ തന്നെ വേറെ ഒരു പതിപ്പാണ് ..

ചേട്ടനെ വിളിച്ചു ...എടുത്തത് പക്ഷെ ഏലി ആയിരുന്നു..ഞങ്ങളുടെ ഏലിക്കുട്ടി ..എന്റെ അനിയത്തി എലീസ...വിശേങ്ങൾ ചോദിച്ചിട്ടു ഇടക്ക് പെട്ടെന്നൊരു സ്വരം താഴ്ത്തി പറഞ്ഞു ..നിന്റെ മരിയ വീട്ടിൽ വന്നിട്ടുണ്ട് .പള്ളിയിൽ വെച്ച് ഏലി കണ്ടു അവളോട് എന്നെ പറ്റി മരിയ തിരക്കി .വേഗം വന്നാൽ അവളെ കാണാം ....ഞാൻ ഒന്നും പറഞ്ഞില്ല ...എന്തിനാ മരിയ എന്നെ തിരക്കിയത് ?..എന്നെ ഒരു കൂട്ടുകാരൻ ആയി പോലും കാണാൻ പറ്റില്ല എന്നാണല്ലോ പണ്ട് പറഞ്ഞത് എന്നിട്ടിപ്പോ ....ഇനി ഏലി പറ്റിക്കുന്നതാണൊ?

ഇന്ന് ബോധം പോണ വരെ കുടിക്കേണ്ടി വരും ..ഇല്ലെങ്കിൽ ഉറക്കം വരില്ല

ഞാൻ ജോർജ് തോമസ് ..ചങ്ങനാശ്ശേരി കൊട്ടാരപ്പറമ്പിൽ തോമസിന്റെയും ആനിയുടെയും രണ്ടാമത്തെ മകൻ ..ചേട്ടൻ ഡേവിഡ് ..വക്കീൽ ആണ് ..ഏലി മെഡിസിന് പഠിക്കുന്നു ..

2000, മെയ് മാസം..കാക്കനാട് കോളേജിൽ ആയിരുന്നു എഞ്ചിനീയറിംഗ് പഠനം…3rd സെമസ്റ്റർ ആയപ്പോൾ കോളേജ് അധ്യാപക സമരത്തിന്റെ ഭാഗമായി കുറച്ചു മാസങ്ങൾ അടച്ചിട്ടു . ചങ്ങനാശ്ശേരി പാറേൽപള്ളി ആയിരുന്നു ഞങ്ങളുടെ ഇടവക . വീട്ടിൽ വെറുതെ ഇരുന്നു കളിച്ചു നടക്കുന്ന സമയം ... റോഷനും ജെയിംസും ആയിരുന്നു കൂട്ടുകാർ ...അവർ രണ്ടുപേരും നാട്ടിൽ തന്നെ ആയിരുന്നു പഠിച്ചിരുന്നത് .. ഒരു ഞായറാഴ്ച പള്ളിയിൽ കഴിഞ്ഞപ്പോൾ  "മരിയ " പഞ്ചർ ആയ സൈക്കിൾ നോക്കി വിഷമിച്ചു നിൽക്കുന്നത് മമ്മി കണ്ടു .മരിയ - ജോൺ അങ്കിളിന്റെ മകൾ, ഏലിയുടെ സ്കൂളിൽ  ആണ് പഠിക്കുന്നത് . അന്ന് എനിക്ക് പകരം വീട്ടിലെ കാറിൽ മരിയ കേറി. ഞാൻ മരിയയുടെ സൈക്കിളുമായി അസി ഇക്കയുടെ പഞ്ചർ കടയിലേക്കും. ശരിയാക്കി നേരെ റോഷന്റെ വീട്ടിൽ പോയി, അവൻ ശക്തിമാൻ കാണാൻ ഉള്ള തിരക്കിലാണ് . അവനെ ശല്യപെടുത്തിയില്ല, ഞാൻ മരിയയുടെ വീട്ടിലേക്കു പോയി സൈക്കിൾ കൊടുത്തു. ജോൺ അങ്കിൾ വക  ഒരു സ്പെഷ്യൽ താങ്ക്സ് മേടിച്ചു വീട്ടിൽ എത്തി. നാരങ്ങാ വെള്ളം കുടിച്ചുകൊണ്ടിരിക്കുമ്പോൾ ലാൻഡ്ഫോൺ  അടിച്ചു,

ജെയിംസ് ആണ്, അളിയാ സൈക്കിൾ ഒക്കെ നന്നാക്കി കൊടുത്തോ? എന്നൊരു കളിയാക്കൽ ...

കാറ്റ് നീ ഊതിയാണോ നിറച്ചത്?  എന്നൊക്കെ ഉള്ള കമന്റ്സ് ..നല്ലൊരു ചീത്ത പറഞ്ഞു വെച്ചു. പിന്നീട് അവർ എന്നെയും മരിയയെയും കളിയാക്കുന്നത് ഒരു ശീലമാക്കി. അങ്ങിനെ ഒരു ദിവസം രാവിലെ ഞാൻ  പള്ളിയിൽ നിന്നും ഇറങ്ങാൻ തുടങ്ങുമ്പോൾ മരിയയെ കണ്ടു.

ശരിക്കും പറഞ്ഞാൽ നീല ഷാൾ കൊണ്ട് തല മൂടി വെള്ള ചുരിദാറും ഇട്ടു അവൾ എന്റെ മുമ്പിൽ വന്നപ്പോൾ ഞാൻ പള്ളിയിലെ കുരിശു രൂപം നോക്കി " ഈ കൊച്ചിനെ എനിക്ക് തന്നേക്കണേ പിതാവേ " എന്ന് മനസ്സിൽ പറഞ്ഞിരുന്നു..

എന്താടോ പള്ളിയിൽ എന്ന് ചോദിച്ചപ്പോൾ പിറന്നാൾ ആണെന്ന് പറഞ്ഞു. ഉടനെ ആശംസകൾ അറിയിച്ചിട്ട് ചെലവ് വേണം കേട്ടോ എന്ന് കൂടി ഓർമിപ്പിച്ചു. സൈക്കിൾ ഉണ്ടായിട്ടും ഞാൻ മരിയയോടൊപ്പം ഒരുമിച്ചു നടന്നാണ് വന്നത്. വീട്ടിൽ എത്തി ഏലിയോട് മരിയയെ കണ്ടു പിറന്നാൾ ആണെന്നും, ഒരുമിച്ചാണ് വന്നതെന്നും പറഞ്ഞു. അവൾ ഒന്നും മിണ്ടിയില്ല നേരെ റോഷനെ കണ്ടപ്പോൾ കൃത്യമായി പറഞ്ഞു കൊടുത്തു. ജെയിംസും റോഷനും വീട്ടിൽ വന്നു എന്നോട് സമ്മാനം കൊടുത്തോ ഒരു ചോക്ലേറ്റ് എങ്കിലും കൊടുക്കാൻ പറഞ്ഞു. ശല്യം സഹിക്കാൻ വയ്യാതെ ആയപ്പോൾ എനിക്ക് ശരിക്കും അവളെ ഇഷ്ടമാണ് എന്ന് അവരോടു പറഞ്ഞു. കാരണം അവർ എന്റെ പ്രിയപ്പെട്ടവർ അല്ലെ, നുണ പറയാൻ കഴിയില്ല അവരോട്.

അളിയാ ഇന്നാണ് നിന്റെ ദിവസം റോഷൻ ആണ് പറഞ്ഞു തുടങ്ങിയത് ..നീ വൈകുന്നേരം മരിയയെ കാണുമ്പോൾ നേരിട്ട് നിന്റെ ഇഷ്ട്ടം പറ . അത് ശരിയാടാ മരിയ എന്നും ട്യൂഷൻ പോകുമല്ലോ  ജെയിംസും കൂടെ ചേർന്നു. എനിക്കും തോന്നി നല്ല ഐഡിയ . ഉച്ചഊണിനു ശേഷം റൂമിൽ വേഗം കേറി റിഹേഴ്സൽ സ്റ്റാർട്ട് ചെയ്തു . ഒരു ചോക്ലേറ്റ് കയ്യിൽ കൊടുക്കുന്നു പിന്നെ പറയുന്നു . അടിപൊളി !!! എല്ലാം സെറ്റ് ... എങ്ങിനെയെങ്കിലും ഒന്ന് വേഗം വൈകുന്നേരം ആയാൽ മതിയായിരുന്നു ...

6 മണിക്കാണ്  എല്ലാ ദിവസവും ട്യൂഷൻ കഴിയുന്നത്, ഇന്ന്മാത്രം എന്താ വൈകുന്നേ ? ..6.15 ആയിട്ടും  മരിയയെ കാണുന്നില്ലല്ലോ ..നേരെ ഞങ്ങൾ മരിയയുടെ വീട്ടിൽ ചെന്ന് നോക്കി അപ്പോൾ സൈക്കിൾ അവിടെ ഉണ്ട് ..അപ്പൊ ഇന്ന് ട്യൂഷൻ പോയിട്ടില്ല ..ഇനി എന്ത് ചെയ്യും റോഷാ...എടാ  പ്ലാൻ B ഉണ്ട് .. ജെയിംസ് മൊഴിഞ്ഞു .. നീ വീട്ടിൽ പോയി ഏലിയുടെ ഒരു ബുക്ക് മേടിച്ചു മരിയക്ക് കൊടുക്കാൻ വേണ്ടി ആണെന്ന് പറഞ്ഞു ചെല്ലുക ...അതോടൊപ്പം നിന്റെ ഇഷ്ടവും പറയുക  ..ഏലിയെ ഞങ്ങൾ പറഞ്ഞു മനസ്സിലാക്കി കൊള്ളാം...

ജെയിംസേ..അളിയാ ..സഹായിച്ചു കൊല്ലുവാണല്ലോ ...ഞാൻ ഓർത്തു ..വീട്ടിലെത്തി ..അവർ പോയി ബുക്ക് എടുത്തു കൊണ്ടുവന്നു ...ഏലി ഒന്നും പറഞ്ഞില്ലെന്നാ അവന്മാർ പറഞ്ഞെ ...അത് പിന്നെ നോക്കാം ആദ്യം കാര്യം നടക്കട്ടെ ..ഗേറ്റ് തുറന്നു ബെൽ അടിച്ചു ..ജാൻസി ആന്റി വാതിൽ തുറന്നു ..

"ആന്റി .. ബുക്ക് മരിയക്ക് കൊടുക്കാൻ എലീസ തന്നതാ..ഇത് തന്നെ ആണോ എന്ന് ചോദിക്കാനും പറഞ്ഞു"...

ആന്റി മരിയയെ വിളിച്ചു ..ഒന്നും മനസ്സിലാവാതെ വായും പൊളിച്ചു അവൾ വന്നു ...ഞാൻ പതുക്കെ പുറത്തേക്കിറങ്ങി ...

ബുക്ക് ഏലി തന്നതാ ..ഞാൻ തുടങ്ങി ..

അതിനു .എനിക്കെന്തിനാ ബുക്ക് ? അവൾ തിരിച്ചടിച്ചു ..

എനിക്ക് മരിയയോട് ഒരു കാര്യം പറയാനുണ്ട് ...ആദ്യം ഇതാ എന്റെ ബർത്തഡേ ഗിഫ്റ് ..ഞാൻ ചോക്ലേറ്റ് കൊടുത്തു ...അവൾ വാങ്ങി എന്നിട്ട് എന്നെ നോക്കി ...എനിക്ക് മരിയയെ ഇഷ്ടമാണ് ...ശരിക്കും..ഇതിന്റെ മറുപടി പിന്നെ പറഞ്ഞാൽ മതി ..ഞാൻ പോകുവാ ...ഒരു കണക്കിന് ഞാൻ പറഞ്ഞൊപ്പിച്ചു ..

അവൾ ഒന്നും മിണ്ടാതെ അകത്തു കേറി വാതിൽ അടക്കുമ്പോൾ എന്നെ ഒന്ന് നോക്കി എന്നിട്ട് ചിരിച്ചു .....

" പിതാവേ ഇത് ഓക്കേ ആയി എന്ന തോന്നുന്നേ "...

പെട്ടെന്ന് ശബ്ദം കേട്ട് നോക്കിയപ്പോഴാണ് മൊബൈൽ അടിക്കുന്നു ...പഴയ കോളേജ് മേറ്റ്സ്, മിലിട്ടറി അവാർഡ് കിട്ടിയതറിഞ്ഞു വിളിച്ചതാണ്  ..ഗ്രൂപ്പ് ചാറ്റ് ... ഡിന്നർ ഫങ്ക്ഷന് ആണെന്ന് പറഞ്ഞു വേഗം നിർത്തി..

കാരണം .. മനസ്സ് ഇപ്പോഴും മരിയയുടെ വീട്ടിലാ ...

കുളിച്ചു ഫ്രഷ് ആയി ഡിന്നർ കഴിക്കാൻ ഇരുന്നു ...പറ്റുന്നില്ല...കുറച്ചു കഴിച്ചിട്ട് ..വീണ്ടും ബാൽക്കണിയിൽ പോയി ഇരുന്നു ...

അന്ന് ഇഷ്ട്ടം പറഞ്ഞിട്ട് നേരെ വീട്ടിലേക്കു ചെല്ലുമ്പോൾ, ഏലി കലിപ്പിച്ചു നിൽപ്പുണ്ട്...നിനക്ക് എന്റെ ക്ലാസ്സ്മേറ്റിനെയെ കിട്ടിയുള്ളോ പ്രേമിക്കാൻ ..ആദ്യം ഞാൻ ഒന്നും മിണ്ടിയില്ല ...പിന്നെ അവളോട് കാര്യം പറഞ്ഞു ....

നല്ല കുട്ടിയാടാ ..നിനക്ക് ചേരും .. അവളും കട്ട സപ്പോർട്ട്   തന്നു..

സുന്ദര സ്വപ്നങ്ങൾ കണ്ടു ഞാൻ കിടന്നുറങ്ങി ..

അടുത്ത ദിവസം ഏലി ക്ലാസ് കഴിഞ്ഞു വന്നത് ഒരു ന്യൂസ് ആയിട്ടായിരുന്നു ..എടാ നിന്നോട് നാളെ  വൈകിട്ട് പള്ളിയിൽ ചെല്ലാൻ മരിയ പറഞ്ഞു ...

ആഹാ എന്റെ കൊച്ചിന് ഇത്ര ധൃതി ആയോ ഇച്ചായനോട് പറയാൻ ..ഞാൻ ഓർത്തു ...

എന്തായാലും നാളെ മുണ്ടൊക്കെ ഉടുത്തു സ്റ്റൈൽ ആയി പോയേക്കാം .അല്ലേലും ..ശനിയാഴ്ച വൈകുന്നേരം പള്ളിയിൽ അധികം ആരും വരാറില്ല ..

.നേരത്തെ പള്ളിയിൽ ചെന്ന് ..കുർബാന കൂടി കഴിഞ്ഞു പുറത്തേക്കു നോക്കി ..ഒരു മഞ്ഞ ഫ്രോക്കൊക്കെ ഇട്ടു എന്റെ അച്ചായത്തി സൈക്കിൾ ഷെഡിൽ നിൽക്കുന്നു ...നോക്കി ചിരിച്ചു ...ഞാൻ മാത്രം ..

അവൾ നല്ല ദേഷ്യത്തോടെ എന്നോട് പറഞ്ഞു ..”ചേട്ടാ പത്താംക്ലാസ്സിൽ ആണ് ..കുറെ പഠിക്കാനുണ്ട് ..ശ്രദ്ധ  തെറ്റിക്കുന്ന ഒരു കാര്യത്തിനും ഞാൻ ഇല്ല “..

മരിയ സൈക്കിൾ എടുത്തു പോയി ..

ഒന്നും വേണ്ടായിരുന്നു... എന്ന മട്ടിൽ ഞാൻ നിന്നു..മുണ്ടു ആയതു കൊണ്ട് സൈക്കിൾ എടുത്തില്ലായിരുന്നു ...പതുക്കെ നടന്നു തുടങ്ങിയപ്പോഴേക്കും ..ജെയിംസും റോഷനും കൂടി ബൈക്കിൽ എത്തി ...

എന്തായെടാ കാര്യങ്ങൾ ...റോഷൻ ചോദിച്ചു ...

ഒന്നും ആയില്ലേടാ ..ഒരു നെടുവീർപ്പോടെ ഞാൻ പറഞ്ഞു ...

ആരും ഒന്നും മിണ്ടിയില്ല ..വീട്ടിൽ എത്തി ..എന്റെ മുഖം കണ്ടപ്പോളേ ഏലിക്കു കാര്യം മനസ്സിലായി ...കിടന്നിട്ടു ഉറക്കവും വന്നില്ല ..അല്ലെങ്കിലും എന്തൊക്കെ ആയിരുന്നു ..ഒരു അച്ചായനും അച്ചായത്തിയും..മുണ്ട്‌..ഒലക്കേടെ മൂട് ..ഒന്നും വേണ്ടായിരുന്നു ..

കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഏലി വന്നിട്ട് പറഞ്ഞു എടാ അവൾക്കു ഒത്തിരി സ്വപ്നങ്ങൾ ഉണ്ട് ..പഠിച്ചു ഡോക്ടർ ആവണം ..

അതിനു പഠിക്കേണ്ട എന്ന് ആരെങ്കിലും പറഞ്ഞോ ?...ഇത്തിരി ശബ്ദമുയർത്തി ഞാൻ ചോദിച്ചു ...

ഇപ്പൊ ഒന്നിനും താല്പര്യമില്ലെന്നാ അവൾ പറഞ്ഞെ ..

എന്നുവെച്ചാൽ ..ഞാൻ അവളുടെ സൗകര്യം നോക്കി ഇരിക്കണോ?...എനിക്ക് പറ്റില്ല …. ഞാനും വിട്ടുകൊടുത്തില്ല

അതിനു നീ എന്തിനാ ചൂടാവുന്നെ ...അവൾ പറഞ്ഞത് ഞാൻ പറഞ്ഞു ..അത്രേ ഉള്ളു ..

"ഇതിൽ കൂടുതൽ എങ്ങിനെയാടാ പൊട്ടാ അവൾ മറുപടി തരുന്നേ ..നീ ഒന്ന് കുറച്ചു ക്ഷമിക്കേടാ"..അവൾ നിന്റേതു തന്നെയാ ...ഏലി ചിരിച്ചു കൊണ്ട് താഴേക്ക് പോയി…

ദൈവമേ ഇനി ബിരിയാണി കിട്ടുമോ ...കിട്ടും ..കിട്ടാതെ എവിടെ പോകാൻ ..അല്ലെ ..എന്നാലും രണ്ടു ദിവസം ഇച്ചായനെ പറ്റിച്ചു ..പോട്ടെ സാരമില്ല ..

ദിവസങ്ങൾ കടന്നുപോയി ..കോളേജ് തുറന്നു ..ക്ലാസ് തുടങ്ങി ..ഞാൻ വേറെ ഏതോ ഒരു ലോകത്തായിരുന്നു ...വളരെ റൊമാന്റിക് ആയി ...പ്രണയത്തെപ്പറ്റിയുള്ള ചിന്തകളും ,പാട്ടുകളും ഒക്കെ ആസ്വദിക്കാൻ  തുടങ്ങി ..

മഴ ..പ്രണയം ...അതായിരുന്നു കൂടുതൽ ഇഷ്ടങ്ങൾ ..

ഗിരീഷ് പുത്തഞ്ചേരിയുടെയും.ജോൺസൺ മാഷിന്റെയും , ഔസേപ്പച്ചൻ സാറിന്റെയും ആരാധകൻ ആയി കഴിഞ്ഞിരുന്നു ...

മരിയ പള്ളിയിൽ പാടാൻ തുടങ്ങിയതോടെ ...ഭക്തിഗാനങ്ങളും കേൾക്കാൻ തുടങ്ങി ..

എന്താണെന്നറിയില്ല .. ഞാൻ  പഠിക്കാനൊക്കെ തുടങ്ങി ..മോശക്കാരൻ ആവാൻ പാടില്ലല്ലോ..

ഒരു ദിവസം അവധി കിട്ടിയാൽ അപ്പൊ വീട്ടിലെത്തും , രാവിലെ പള്ളിയിൽ പോയാൽ മരിയയെ കാണാം ..അതായിരുന്നു മനസ്സിൽ..

എന്റെ നോട്ടവും ..അവളുടെ പുറകെ ഉള്ള നടത്തവും എല്ലാം നാട്ടിൽ പാട്ടായി ...പക്ഷെ ഞാൻ ഒന്നും മൈൻഡ് ചെയ്യാൻ പോയില്ല ..

പതുക്കെ പതുക്കെ മരിയ എന്നെ അവോയ്ഡ് ചെയ്യാൻ തുടങ്ങി ..ആദ്യമൊന്നും ഞാൻ വലിയ കാര്യമാക്കിയില്ല ..എന്നാൽ ദിവസം ..പ്രണയിക്കുന്നവരുടെ ദിവസം ...കോളേജിലെ എല്ലാ പരിപാടികളും വേണ്ടെന്നു വെച്ച് ഞാൻ നാട്ടിലെത്തി..

അന്നായിരുന്നു ..ഞങ്ങളുടെ നാട്ടിലെ ജോളി ചേട്ടന്റെ കല്യാണം ..പാട്ടു പാടിയത് മരിയ ആയിരുന്നു ..കല്യാണം  കഴിഞ്ഞു എല്ലാവരും ഭക്ഷണത്തിനായി ഹാളിൽ എത്തി ..

ഉച്ചക്ക് നല്ല മഴ ഉണ്ടായിരുന്നു ..റോസാപ്പൂവുമായി മഴയത്തു സൈക്കിൾ ചവിട്ടി ആണ് ഹാളിലേക്ക് ചെന്നത് ..ഞാൻ മരിയയെ കാണാൻ അവസരം നോക്കി നടന്നു..മരിയ ലഞ്ച് കഴിച്ചു കഴിഞ്ഞു വീട്ടിൽ പോകാൻ നിൽക്കുന്നത് ഞാൻ കണ്ടു ..പതിയെ അടുത്ത് ചെന്ന് എന്റെ കയ്യിലെ പൂവ് അവളുടെ നേരെ നീട്ടി ... അവൾ  ഒന്ന് ചുറ്റും നോക്കി . എന്നിട്ട് അത് വാങ്ങി .

.പിന്നെ മെട്രോ ട്രെയിൻ സ്റ്റാർട്ട് ചെയ്ത പോലെ..ചോദ്യങ്ങളുടെ ഒരു കൂമ്പാരമായിരുന്നു ..

ചേട്ടനോട് ഞാൻ പറഞ്ഞതല്ലേ ..കുറച്ചു കഴിയട്ടെ എന്ന് ...വീട്ടിൽ ഇപ്പൊ എല്ലാവര്ക്കും അറിയാം ..ചേട്ടൻ എന്റെ പുറകെ ആണെന്ന് ...

ചേട്ടന് നാണം ഇല്ലേ ..ഇങ്ങനെ നടക്കാൻ ...അവൾ നിർത്തി ...

എനിക്കൊരു നാണവും ഇല്ല ..പിന്നെ നമ്മൾ കറങ്ങാൻ ഒന്നും പോയില്ലല്ലോ ..അല്ലെങ്കിൽ വേറെ എങ്ങോട്ടും ഞാൻ നിന്നെ കൊണ്ടുപോയില്ലല്ലോ ..ഞാനും വിട്ടുകൊടുത്തില്ല ...അത്രയ്ക്ക് ജാഡ പാടില്ലല്ലോ...

ഇതു കേട്ടപ്പോൾ അവളുടെ മുഖം മാറി ....

എന്താ ചേട്ടന്റെ ഉദ്ദേശ്യം ?.. പൈങ്കിളി പ്രേമത്തിന് ആണെങ്കിൽ എനിക്ക് പറ്റില്ല, വേണമെങ്കിൽ  ഒരു അഞ്ചോ ആറോ വര്ഷം കഴിഞ്ഞു നോക്കാം ..

ആർക്കു വേണമെങ്കിൽ ... മരിയ എന്നാ ഉദ്ദേശിച്ചേ ?...എന്തിനാ മിണ്ടാതിരിക്കുന്നെ ? .. ..ഇതെന്താ നീ അഡ്വാൻസ് ആയിട്ട് എന്നെ ബുക്ക് ചെയ്തു വെച്ചതാണോ ? ഞാനും സ്വരം മാറ്റി..

എന്റെ സകല ക്ഷമയും കെട്ടു...ഞാൻ മരിയയുടെ ഇടത്തെ കയ്യിൽ കേറി പിടിച്ചു ..എന്നിട്ട് എന്നോട് ചേർത്ത് നിർത്തി പറഞ്ഞു ..നീ എന്റെ പെണ്ണാണെന്ന ഞാൻ കരുതിയെ ?...എന്റെ മാത്രം ...

വലതു കയ്യ് കൊണ്ട് എന്നെ തള്ളി മാറ്റി ..അവൾ പൂവ് എന്റെ മുഖത്തേക്ക് എറിഞ്ഞു ...ഇനി മേലാൽ എന്റെ മുന്നിൽ വന്നേക്കരുത് ..ഒരു ഫ്രണ്ട്  ആയിട്ട് പോലും എനിക്ക് കാണാൻ പറ്റില്ല ...

അവൾ സൈക്കിൾ എടുത്തു കരഞ്ഞുകൊണ്ട് പോയി ...അപ്പോഴാണ് ഞാൻ ചുറ്റും നോക്കിയത് ...ആരൊക്കെയോ അവിടെ ഉണ്ടായിരുന്നു ...പക്ഷെ കാണാൻ വഴിയില്ല...തല ആകെ പെരുപ്പ് കേറുന്ന പോലെ ...ഇനി എന്ത് ചെയ്യാൻ ...ദേഷ്യവും സങ്കടവും എല്ലാം കൂടി ആകെ വട്ടുപിടിച്ച പോലെ ഉള്ള അവസ്ഥ ...ഞാൻ ഹാളിലൂടെ പുറത്തേക്കു നടന്നു ..പെട്ടെന്നൊരു ശബ്ദം ..

എവിടെ നോക്കിയാടാ നടക്കുന്നെ ?...എന്റെ കൈ കൊണ്ട് ഒരാളുടെ ഗ്ലാസ് താഴെ പോയി ..നീ എന്തിനാടാ നോക്കി പേടിപ്പിക്കുന്നെ ? അവൻ ആക്രോശിച്ചു ..

പിന്നെ ഒന്നും നോക്കിയില്ല ..ഒരെണ്ണം അവന്റെ കവിളത്തു കൊടുത്തു ..റോഷൻ എന്നെ പിടിച്ചു മാറ്റി ..പുറത്തേക്കു കൊണ്ട് പോയി ..

അപ്പോഴേക്കും മഴ പെയ്യാൻ തുടങ്ങി ..നേരെ സൈക്കിൾ എടുത്തു മഴയത്തു റോസാപ്പൂവുമായി ഞാൻ പള്ളിയിലേക്ക് പോയി ..ഈശോയെ നോക്കി കരഞ്ഞു ...എന്നെ പറ്റിക്കുവായിരുന്നല്ലേ എന്ന് ഓർത്തു വിഷമിച്ചു ..ഇനി ദൈവത്തിനു എന്നെ അച്ഛൻ ആക്കാൻ ഉള്ള ഉദ്ദേശ്യം ആണോ ?...ഇല്ല ..എനിക്ക് പറ്റില്ല ..അതൊരു തപസ്യ ആണ് ...എനിക്കൊന്നും പറ്റിയതല്ല .. പൂവ് ഈശോ തന്നെ എടുത്തോ ...ഞാൻ ഇറങ്ങുവാ ..ഇനി കാണാൻ പറ്റിയെന്നു വരില്ല ..

ഞങ്ങൾ മൂന്നുപേരും കൂടി നേരെ ചമ്പക്കുളം ഷാപ്പിൽ പോയി കള്ളു കുടിച്ചു ...പുഴയുടെ തീരത്തായിരുന്നു ഷാപ്പ് ...ഞാൻ നടന്നതെല്ലാം പറഞ്ഞു ..അവസാനം കരഞ്ഞു പോയി ...

നമുക്ക് ശരിയാക്കാം എന്നായിരുന്നു ജയിംസിന്റെ മറുപടി...

രാത്രി ആയപ്പോൾ വീട്ടിലേക്കു ചെന്നു...റൂമിൽ കേറി കുളിച്ചിട്ടു പ്രാർത്ഥന ചെല്ലാൻ താഴേക്ക് വന്നു ...പപ്പാ വന്നിട്ടില്ലായിരുന്നു ...ചേട്ടൻ എന്നെ വിളിച്ചു പുറത്തേക്കു കൊണ്ടുപോയി എന്താടാ നിനക്ക് പറ്റിയെ..നീ എന്തിനാ സിബിയെ തല്ലിയത് എന്ന് ചോദിച്ചു .. സിബി മരിയയുടെ കസിൻ ആയിരുന്നു  ..അത് സിബി ആണെന്ന് എനിക്കറിയില്ല . എന്നോട് ദേഷ്യപ്പെട്ടു തല്ലാൻ വന്നു ..അതുകൊണ്ടാ ചെയ്തത് ..

അപ്പോഴേക്കും പപ്പാ വന്നു ..കാർ നിർത്തി എന്റെ അടുത്തേക്ക് വന്നിട്ട് എന്റെ മുഖത്തേക്ക് അടിച്ചു ....കുറച്ചു നേരത്തേക്ക് എനിക്കൊന്നും മനസ്സിലായില്ല ..ബോധം പോകുന്നപോലെ ..ഞാൻ നിലത്തു വീണു ...കുറച്ചു കഴിഞ്ഞപ്പോൾ ..ഞാൻ വീടിന്റെ അകത്തു സോഫയിൽ കിടക്കുവായിരുന്നു ..ഏലി വെള്ളം മുഖത്തേക്ക് തളിച്ചിട്ടു നിൽക്കുന്നു...ചേട്ടൻ അടുത്തുണ്ട്

മമ്മി കരയുന്നു ...പപ്പയുടെ ദേഷ്യം മാറിയിട്ടില്ല ..എന്തിനാ എന്നെ തല്ലിയത് എനിക്ക് മനസ്സിലായില്ല എന്ന മട്ടിൽ ഞാനും ദേഷ്യം കാണിച്ചു ..

നീ ആരാടാ ജോണിന്റെ മോളുടെ കയ്യിൽ കേറി പിടിക്കാൻ ..? പപ്പാ ദേഷ്യത്തോടെ ചോദിച്ചു ..ഞാൻ ഒന്നും മിണ്ടിയില്ല ...ഇറങ്ങി പോകാനേ തോന്നിയുള്ളൂ ..

നാളെ രാവിലെ കോളേജിലേക്ക് പൊയ്ക്കോളണം ...ഞാൻ പറഞ്ഞിട്ട് തിരിച്ചു വന്നാൽ മതി . പപ്പാ അന്ത്യാശാസനം നൽകി .

അതുപോലെ ഞാൻ തിരിച്ചു കോളേജിലേക്ക് പോയി ..ആകെ ഒരു ശ്വാസം മുട്ടൽ ആയിരുന്നു ..വല്ലാത്ത ദേഷ്യം എല്ലാത്തിനോടും ...സാമാന്യം നല്ല രീതിയിൽ കള്ളു കുടി തുടങ്ങി . മമ്മി ആഴ്ചയിൽ ഹോസ്റ്റലിലേക്ക് വിളിക്കും ..ആകെ മരവിച്ച മനസ്സുമായി നടന്ന നാളുകൾ ..

ഒരു ദിവസം ക്ലാസ്സ്മേറ്റ് ജിനോ വന്നു പറഞ്ഞു ..എടാ മിലിറ്ററി അക്കാഡമിയിലേക്കു ആപ്ലിക്കേഷൻ അയക്കാം ..നല്ല സാലറി ഉണ്ടെടാ ..എൻട്രൻസ് എക്സാം ഉണ്ട് ..പിന്നെ മെഡിക്കൽ ഒക്കെ ഉണ്ടാകും ..കിട്ടിയാൽ സൂപ്പർ ആടാ...ആത്മഹത്യ മാത്രം മുമ്പിൽ കണ്ടിരുന്ന എനിക്ക് കിട്ടിയ കച്ചിത്തുരുമ്പു ആയിരുന്നു അത് .. ആപ്ലിക്കേഷൻ അയച്ചു ..കുറച്ചു മാസങ്ങൾക്കു ശേഷം എൻട്രൻസിന് വിളിച്ചു ...പിന്നെ ശരീര ക്ഷമത, മെഡിക്കൽ ..അങ്ങിനെ എല്ലാം കഴിഞ്ഞു ...

ഹോസ്റ്റൽ അഡ്രസ് ആയിരുന്നു ഞാൻ കൊടുത്തിരുന്നത് ...എല്ലാ ദിവസവും ഞങ്ങൾ അന്വേഷിക്കും എന്തെങ്കിലും പോസ്റ്റ് വന്നിട്ടുണ്ടോ എന്ന് ..അവസാനം ഞങ്ങൾക്ക് രണ്ടു പേർക്കും കിട്ടി . ജിനോ ഇതിനിടയിൽ നേവിയിലേക്കുള്ള ടെസ്റ്റ് എഴുതിയിരുന്നു ...അവന് അതും കിട്ടി ..അങ്ങിനെ അവൻ നേവിയിലേക്കു പോയി

എന്റെ ഒത്തിരി കരച്ചിലുകൾ കണ്ട ഹോസ്റ്റൽ മുറിയോട് യാത്ര പറഞ്ഞു നേരെ വീട്ടിലേക്കു യാത്രയായി ...ഇതെങ്ങിനെ വീട്ടിൽ പറയും ..ഡിന്നറിനു ഇരുന്നപ്പോൾ ഞാൻ അപ്പോയ്ന്റ്മെന്റ് ഓർഡർ പപ്പയുടെ കയ്യിലേക്ക് കൊടുത്തു ..എല്ലാവരും ആകെ അന്തംവിട്ടു പോയി...എന്റെ സ്വപ്നത്തിൽ പോലും ഒരു സൈനികൻ ആവാൻ താല്പര്യം ഇല്ലായിരുന്നു..

നിന്റെ പ്ലാൻ എന്താ ?...പപ്പാ ചോദിച്ചു ..എഞ്ചിനീയറിംഗ് നല്ല ജോലി അല്ലെ ..അത് പോരെ ...ചേട്ടനും കൂടി ..

ഇല്ല എനിക്ക് പോണം ..കൂടുതൽ ഞാനൊന്നും പറഞ്ഞില്ല ..അവരും ..

മറ്റന്നാൾ പോണം ..ട്രെയിനിങ് ബാംഗ്ലൂർ ആണ് ..എറണാകുളത്തു നിന്നും പോണം ...ഞാൻ കൂട്ടിച്ചേർത്തു ..ആരും ഒന്നും മിണ്ടിയില്ല ..

റോഷനെയും ജെയിംസിനെയും ഞാൻ എല്ലാം അറിയിച്ചിരുന്നു ...നീ പോയിട്ട് വാ അളിയാ ..നീ വല്ല തീവ്രവാദിയുടെയും വെടി കൊണ്ട് മരിച്ചാൽ ..നിന്റെ ഓർമ്മക്ക് വേണ്ടി ഞങ്ങൾ ഒരു ബസ്സ്റ്റോപ് പണിയും..റോഷൻ ആണ് പറഞ്ഞത് ..മതിയെടാ . എനിക്കതു മതി..എല്ലാരും കാണട്ടെ എന്റെ പേരും ...ഞാൻ മറുപടി ആയി പറഞ്ഞു ....

പള്ളിയിൽ പോയി ..ഒന്നും പ്രാർത്ഥിച്ചില്ല ..ട്രെയിനിങ് നല്ല പ്രയാസം ഉള്ളതായിരിക്കും ...എന്നാലും ഞാൻ പോകുവാ...ചാകുന്നെങ്കിൽ ചാകട്ടെ ..

 

ഗ്ലാസ് ജഗ് കൈ തട്ടി താഴെ വീണ ശബ്ദം കേട്ടാണ് എണീറ്റത് ...നല്ല ദാഹം ഉണ്ട് ...കിച്ചണിൽ പോയി വെള്ളം കുടിച്ചു ...ഒന്ന് ആത്മാവിനു പുക കൊടുക്കാം ..ബാൽക്കണിയിൽ ചെന്നു ..നല്ല തണുത്ത കാറ്റുണ്ട്..

ആറു വർഷത്തിനിടയിൽ വളരെ കുറച്ചു ദിവസങ്ങളെ നാട്ടിൽ നിന്നിട്ടുള്ളു ..

ഒരിക്കൽ പള്ളിയിൽ വെച്ച് മരിയയെ കണ്ടു ..മിണ്ടിയില്ല ..മെഡിസിന് പഠിക്കുന്നു തൃശ്ശൂരിൽ ...ഏലി മെഡിസിന് കൊല്ലത്താണ് ...

റോഷൻ അമേരിക്കയിൽ ആണ് ..ഒരു അമേരിക്കക്കാരിയെ വളച്ചെന്നു കേൾക്കുന്നു ..ജെയിംസ് നാട്ടിൽ പാർട്ടി പ്രവർത്തനമൊക്കെ ആയി നടക്കുന്നു...ആകെ ഇവരുമായി മാത്രം സമ്പർക്കം ...

ചേട്ടന്റെ കല്യാണം കഴിഞ്ഞ വർഷം ആയിരുന്നു കഴിഞ്ഞു .ഞാൻ പോയില്ല ...ചേച്ചിയും വക്കീൽ ആണ് ...രണ്ടുപേരും എറണാകുളത്തു താമസം തുടങ്ങി ..ഒരു മോൾ  ഉണ്ടായി ...

എന്നാലും മരിയ എന്തിനാ എന്നെ പറ്റി തിരക്കിയെ ...ചിലപ്പോ ചത്തോ എന്നറിയാനായിരിക്കും ...?..

തലച്ചോറിൽ ഒരു വളർച്ച കാണുന്നു എന്ന് പറഞ്ഞു..കുറച്ചു നാൾ ആശുപത്രിയിൽ ചെക്ക് അപ്പ് ഒക്കെ ആയി നടന്നു ..... വിശ്രമം ആയിരുന്നു ഏതാനും ദിവസം... അതായിരുന്നു  കശ്മീരിലെ    എന്റെ അവധികാലം

മൊബൈൽ എടുത്തു ഫേസ്ബുക് നോക്കി .. ആഹാ ..ഏലി ഓൺലൈൻ ഉണ്ടല്ലോ .. നാലുമണി വെളുപ്പിനോ ...വിളിച്ചു നോക്കാം ....

ചാടി കാൾ എടുത്തു ...എന്താടാ പട്ടാളക്കാരാ വെളുപ്പിന് ...

ആരുമായിട്ടാണ് ചാറ്റിങ് ...ഞാൻ ചോദിച്ചു ...

നിന്റെ അളിയനും ആയിട്ട് ..എന്തേലും കുഴപ്പമുണ്ടോ ..അവൾ അലറി ...

ഒന്നുമില്ലേ വെറുതെ ചോദിച്ചതാ ...മൃദു സ്വരത്തിൽ മറുപടി കൊടുത്തു ..

എടി എനിക്കൊരു കാര്യം അറിയണം ..എന്തിനാ അവൾ എന്നെ തിരക്കിയെ

എനിക്കറിയില്ലേടാ ...നിനക്ക് വേണമെങ്കിൽ ചോദിച്ചോ എന്ന് പറഞ്ഞു അവൾ നമ്പർ മെസ്സേജ് ചെയ്തു...എനിക്കെങ്ങും വേണ്ട അവളുടെ നമ്പർ..

എടാ പൊട്ടാ ..നിന്നെ എനിക്കറിയാം ..നീ വിളിക്കെടാ ...എന്നിട്ട് സംസാരിക്കു .. വെളുപ്പിനോ ...? ഞാൻ ചോദിച്ചു ...ഇല്ലെടാ കുറച്ചു കഴിയട്ടെ .. ഇപ്പൊ സ്റ്റഡി ലീവ് ആണ് ..മരിയ  വീട്ടിൽ ഉണ്ട് ....നോക്കട്ടെ ..എന്നാൽ നിന്റെ ചാറ്റിങ് നടക്കട്ടെ ..അളിയനോട് അന്വേഷണം പറയേണ്ട കേട്ടോ...പിന്നെ ഒരു ചീത്ത വിളി ആയിരുന്നു ....കാൾ കട്ട് ചെയ്തു...

    നമ്പർ സേവ് ആക്കി ...വാട്സ്ആപ് നോക്കി ...മാതാവിന്റെ ഫോട്ടോ ആണ് ഇട്ടിരുന്നത് ..അവസാനം നോക്കിയത് ഇന്നലെ രാത്രി ആണ് ..

എട്ടുമണി ആയപ്പോഴേക്കും എന്റെ പ്രഭാത വ്യായാമങ്ങളെല്ലാം കഴിഞ്ഞു ...ഭക്ഷണത്തിനു ശേഷം ..ഞാൻ മരിയയെ വിളിച്ചു ..ആറു വർഷങ്ങൾക്കു ശേഷം ആണ് ...പക്ഷെ എടുത്തില്ല ...എന്റെ നമ്പർ അറിയാമായിരിക്കും ..അതാവും

...ആലോചിച്ചിരിക്കുമ്പോൾ എന്നെ തിരിച്ചു വിളിക്കുന്നു ...ഈശോയെ ഞാൻ എന്ത് പറയും ..തൊണ്ടയിലെ വെള്ളം പറ്റുന്ന പോലെ ..നീയൊരു ആർമിക്കാരൻ അല്ലെ ...ധൈര്യം വേണ്ടേ...

ഹലോ....അവിടെ ഒന്നും കേൾക്കുന്നില്ല ...ഇനി വേറെ ആരെങ്കിലും ആണോ ?..

ഞാൻ ജോർജ് ആണ് ...ധൈര്യ സമേതം പറഞ്ഞു...കുറച്ചു നിമിഷങ്ങൾ ഒന്നും മിണ്ടിയില്ല ...ഞാൻ കുറച്ചു കഴിഞ്ഞു തിരിച്ചു വിളിക്കാം  എന്ന് പറഞ്ഞു

...കാൾ കട്ട് ആയി ...

വേണ്ടായിരുന്നു ....അല്ലെ ...ചിലപ്പോൾ അവോയ്ഡ് ചെയ്തതായിരിക്കും ..

എന്തായാലും ..എനിക്കിന്ന് കുറച്ചു ഓഫീസിൽ ജോലികൾ ഉണ്ട് ...ഞാൻ റെഡി ആയി ജീപ്പുമായി ഓഫീസിലേക്ക് പോയി ...ചെറിയ മീറ്റിംഗുകൾ ..പിന്നെ അവാർഡിന്റെ വിശേഷങ്ങൾ ....

അങ്ങിനെ ഒരു പതിനൊന്നു മണി  ആയപ്പോഴേക്കും വീണ്ടും മരിയ വിളിച്ചു ...

സുഖമാണോ ചേട്ടന്? ...അവൾ ചോദിച്ചു

സുഖം ..പിന്നെ അവിടെയോ ? ..സുഖം മറുപടി കിട്ടി .

ചേട്ടാ ..രാവിലെ ഞാൻ ഫുഡ് കഴിക്കാൻ പോകുമ്പോളാ വിളിച്ചേ ..അതാ ഒന്നും സംസാരിക്കാഞ്ഞേ ...അവൾ പറഞ്ഞു ..

അത് കുഴപ്പമില്ല ....എങ്ങിനെ പോകുന്നു ക്ലാസ്സൊക്കെ ..ജീവിതത്തിലെ സ്വപ്നങ്ങൾ നേടിയെടുത്തോ ?...ഞാൻ ചോദിച്ചു

ഡോക്ടർ ആവുന്നതാണ് എന്റെ സ്വപ്നം എന്ന് ചേട്ടനോട് ആരാ പറഞ്ഞെ ?

ഏലി പറഞ്ഞിരുന്നു ...

പിന്നെ ഞാൻ ഒരു കാര്യം പറയട്ടെ ...ഒരു വലിയ സോറി ..ഒരിക്കലും ഒരു പെണ്കുട്ടിയോടും ചെയ്യാൻ പാടില്ലാത്തതാണ് മരിയയോട് ഞാൻ ചെയ്തത് ..എന്നോട് ക്ഷമിക്കണം ...എങ്ങിനെയോ ഞാൻ പറഞ്ഞൊപ്പിച്ചു ..

അതൊക്കെ കഴിഞ്ഞില്ലേ ....എനിക്കറിയാം ചേട്ടൻ അത് കൊണ്ട പിന്നെ നാട്ടിലേക്ക് വരാഞ്ഞതെന്നു ....പിന്നെ ഒരിക്കൽ എന്നെ കണ്ടിട്ടും മിണ്ടാതെ പോയല്ലോ ....

ഇനി വരാൻ പാടില്ലേ ...ഞങ്ങൾ ഒക്കെ അത് മറന്നു..ഇപ്പൊ വലിയ ആൾ ആയില്ലേ ..അവാർഡൊക്കെ കിട്ടിയല്ലോ ...അവൾ ചോദിച്ചു ...

ആകെ ഒരു ചമ്മൽ ആയിരുന്നു ..പിന്നെ ...ഞാൻ പഴയ ആൾ തന്നെ ആണ് ...എനിക്കൊരു മാറ്റവുമില്ല ...ഞാൻ പറഞ്ഞു ..

എന്നാൽ ഇനി എന്നാ ലീവ് കിട്ടുന്നെ ...വേഗം വാ ...

ലീവ് എനിക്ക് ബാക്കിയാണ് ... എപ്പോ  വേണമെങ്കിലും വരാം ...നോക്കട്ടെ പറ്റിയാൽ ആഴ്ച തന്നെ വരാം...

അപ്പൊ വന്നിട്ട് കാണാം ബൈ ..ഞാനും ബൈ കൊടുത്തു .

ദൈവമേ എന്തൊക്കെയാ നടക്കുന്നെ ....നാട്ടിലേക്ക് പോകുവാണോ ...പ്രശ്നങ്ങൾ എല്ലാം തീർന്നല്ലോ ...

നേരെ പോയി രണ്ടാഴ്ചത്തെ ലീവിന് കൊടുത്തു ...നാളെ പോവാം ..മറ്റെന്നാൾ നാട്ടിൽ എത്തും ...

എല്ലാത്തിനും കാരണം കാശ്മീരി ചെറുക്കൻ ആയിരുന്നല്ലോ ..അവനോടാ  നന്ദി പറയേണ്ടത് ...

 


എന്തൊക്കെ ആയാലും ചേട്ടന് എന്നെ വിളിക്കാൻ തോന്നിയല്ലോ ..മരിയ ചിന്തിച്ചു ..നേരിട്ട് കാണുമ്പോൾ കുറച്ചു കാര്യങ്ങൾ ചോദിക്കണം ..

 എന്റെ കൈയിൽ പിടിച്ച ദിവസം കള്ളു കുടിച്ചിരുന്നോ ?

എപ്പോഴാണ് എന്നോട് ഇഷ്ട്ടം തോന്നിയത് ?...

പിന്നെ എനിക്കും കുറെ പറയാനുണ്ട് ...

എനിക്കും ഇഷ്ടമായിരുന്നു ... മുണ്ടു ചേട്ടന് നല്ല ചേർച്ച ആണ് ....ഇനി നാട്ടിൽ മുണ്ടു ഉടുത്താൽ മതി . എന്റെ അച്ചായൻ

പിന്നെ അന്ന് നടന്ന കാര്യങ്ങൾ ഒന്നും ഞാനല്ല അതൊന്നും വീട്ടിൽ പറഞ്ഞത് ? ...വേറെ ആരോ ആണ് വിളിച്ചു മമ്മിയോട് പറഞ്ഞത് ..ചേട്ടൻ കൈയിൽ കേറി പിടിച്ചതും ...ഞാൻ പൂവ് എറിഞ്ഞതെല്ലാം...

ഞാൻ കാരണം ഒത്തിരി കഷ്ടപെട്ടല്ലേ ...ഇഷ്ടമില്ലാത്ത ജോലി ചെയ്യുന്നതും ...നാട്ടിൽ നിന്നും പോയതും ..ഇനി വരാത്തതും എല്ലാം ...

എന്നെ വിളിച്ചല്ലോ..എനിക്കതു മതി ..ഇനി ഒരിക്കലും ഞാൻ വിട്ടു പോകില്ല എനിക്ക് വേണം തെമ്മാടിയെ ..ഒരു പെണ്ണിന്റെ കയ്യിൽ പിടിക്കാൻ മാത്രം ധൈര്യം ഉണ്ടല്ലേ  ..?..

ഒരു ചുവന്ന റോസാപ്പൂവ് ഞാനും തരുന്നുണ്ട് ...

ചാറ്റ് ചെയ്യണോ?..ഇഷ്ടപ്പെടുമോ ? ...

ഒരു മെസ്സേജ് അയച്ചേക്കാം ...

ലീവ് ഒകെ ആയോ ?..ടിക്കറ്റ് എടുത്തോ ?..എന്നാ വരുന്നേ ..?..

മെസ്സേജ് അയച്ചിട്ട് കുറച്ചു നേരമായി ...ഇയാളെന്താ കാണാത്തെ ? ...ഇത്രയ്ക്കു ഉത്തരവാദിത്വം ഇല്ലേ ?...

മെസ്സേജ് വന്നല്ലോ ... നാളെ  രാത്രി എത്തും ....എന്താ കൊണ്ടുവരേണ്ടത് ?...

ഒന്നും വേണ്ട ...ഗുഡ് നൈറ്റ് ...

എനിക്കൊന്നും വേണ്ട ചേട്ടാ ..ഞാനല്ലേ തരുന്നേ ...”ഞാൻ വാങ്ങാതെ പോയ ആ  പൂവ് “ ....ഞാൻ ഓർത്തു സന്തോഷിച്ചു കിടന്നു ..

രാവിലെ ഏലി വിളിക്കുന്നു ...

എന്താടി ?..ഞാൻ ചോദിച്ചു ..

നിന്നെ ജോർജ് വിളിച്ചായിരുന്നല്ലേ ?....വിളിച്ചു ....ഞാൻ മറുപടി കൊടുത്തു

അവൻ എന്നാ വരുന്നേ ?....ഏലി ചോദിച്ചു ...എനിക്കറിയില്ലല്ലോ ...എന്താടി കാര്യം ..ചേട്ടൻ വരുന്നുണ്ടോ ?...ഞാൻ ഒന്നും അറിയാത്ത ഭാവത്തിൽ ചോദിച്ചു ..

രണ്ടുപേരും കൂടി എല്ലാവരെയും പൊട്ടന്മാർ ആക്കുവാണോ..? ഏലിയുടെ ചോദ്യം ...ഞാൻ ചിരിച്ചേയുള്ളു ..

നടക്കട്ടെ ..നടക്കട്ടെ ..ഇനി എന്തൊക്കെ കാണേണ്ടി വരും ദൈവമേ ...ഏലി കാൾ വെച്ചു...

എല്ലാവരും ഇനി കുറച്ചൊക്കെ കാണേണ്ടി വരും ...ഞാൻ കണക്കു കൂട്ടി

എവിടെ വെച്ചാണ് പൂവ് കൊടുക്കേണ്ടത് ?...വീട്ടിൽ പോകുന്നത് മോശമാണ് ..പള്ളിയിലേക്ക് വിളിച്ചാലോ ?...അതാ നല്ലതു ...ഞാൻ ചിന്തിച്ചു ...

രാവിലെ പൂവ് കിട്ടുമോ ?...വൈകുന്നേരം മേടിച്ചു വെക്കാം ...എന്നിട്ട് രാവിലെ കൊണ്ടുപോയാൽ മതിയല്ലോ ...

വൈകുന്നേരം പതിയെ പള്ളിയിൽ പോകുവാണെന്നു പറഞ്ഞു വീട്ടിൽ നിന്നും ഇറങ്ങി ..വിടരാത്ത പൂവ് നോക്കി മേടിച്ചു ...നാളെ വിടർന്നാൽ മതിയല്ലോ ..

മനുഷ്യൻ എവിടെ എത്തി ...ഒരു മെസ്സേജ് അയക്കാൻ പാടില്ലേ ..? ..ഇവിടെ ഒരാൾ കാത്തിരിക്കുന്നു  എന്ന ഒരു വിചാരവും ഇല്ലല്ലോ ?..

ഇവിടെ എത്തി മാഷെ ?..ഒന്ന് വിളിച്ചു കൂടെ ...ഞാൻ വിളിച്ചു  ചോദിച്ചു...

ഡൽഹിയിൽ എത്തി ഇനി വൈകുന്നേരം കേറും ..രാത്രി കൊച്ചിയിൽ ഇറങ്ങും ..ഫുഡ് കഴിച്ചോ ?...ഞാൻ ചോദിച്ചു ...കഴിച്ചെന്നു പറഞ്ഞു ..ശരി.. ബൈ ...

ഇങ്ങേരു ഭയങ്കര ഇംഗ്ലീഷ് ആണല്ലോ ..പിടിച്ചു നില്ക്കാൻ പാട് പെടും ...പണ്ടേ ആളൊരു ബുദ്ധി ജീവിയാ...ഞാൻ ഓർത്തു ...എന്തായാലും എനിക്കറിയില്ലാത്ത ആളൊന്നും അല്ലല്ലോ ....ചിരി വരുന്നു ..അങ്ങേരുടെ ഓരോ കാര്യങ്ങൾ ഓർത്തപ്പോൾ ...

രാവിലെ പള്ളിയിൽ ...വൈകുന്നേരം ട്യൂഷന് പോകുമ്പോൾ ...എല്ലാം വഴിയിൽ കാണും ....

കിടന്നിട്ടു ഉറക്കം വരുന്നില്ല ..ജെയിംസ് ചേട്ടൻ ആണ് കൊണ്ടുവരാൻ പോയിരിക്കുന്നെ ...മിക്കവാറും എല്ലാ ബാറും കേറി നിരങ്ങി ആവും വരുന്നേ ...

ഇച്ചായൻ വിളിക്കുന്നുണ്ടല്ലോ ..

എന്താ ഇച്ചായാ ..ഞാൻ ആദ്യമായി വിളിച്ചു ...

ഞാൻ ഇറങ്ങി ..ജെയിംസ് ഉണ്ട് ..ഞങ്ങൾ വരുവാ...ശരി ...ബൈ ..

ഇയാൾ എന്താ ഒന്നും പറയാഞ്ഞേ ..ഞാൻ ആദ്യമായി വിളിച്ചതല്ലേ ..

ചിലപ്പോൾ ജെയിംസ് ഉണ്ടല്ലോ അതാവും...ആയിക്കോട്ടെ ...

ഒരു ഗുഡ് നൈറ്റ് മെസ്സേജ് ഇടം ..പിന്നെ ഒരു ലവ് ചിഹ്നവും ...

തിരിച്ചും കിട്ടി ...അദ്ദേഹംLove you too”  എന്ന് ടൈപ്പ് ചെയ്തു ..

Which is your favourite song ?....

ചുമ്മാ ചോദിച്ചു ..വല്ല ഹിന്ദി പാട്ടും ആയിരിക്കും ...

റിപ്ലൈ വന്നു ..."അനുരാഗിണി ഇതാ എൻ കരളിൽ വിരിഞ്ഞ പൂക്കൾ "..ജോൺസൻ മാഷിന്റെ പാട്ടാണെന്നു പറഞ്ഞു ...

ഞാൻ കേട്ടിട്ടുണ്ട്.. ഇപ്പൊ ഒന്ന് കേട്ട് നോക്കട്ടെ ...ബൈ ...

യൂട്യൂബിൽ നോക്കി ...കേട്ടു...കൊള്ളാം...എന്ത് മനോഹരമായ പാട്ടാണ് ..

ഞാൻ ശ്രെദ്ധിച്ചിട്ടേയില്ല ...ഇനി മുതൽ ഇതായിരിക്കും എന്റെയും ഇഷ്ടപെട്ട പാട്ട്..

നാളെ രാവിലെ വിളിക്കുമോ എന്നെ ..? ഞാൻ മെസേജ് ഇട്ടു ...

നല്ല പാട്ട് ആണ് ... ഇതും കൂടി പറഞ്ഞു ...

Yeah , I knew .. എന്ന് മറുപടി പറഞ്ഞു ....

വിളിക്കുമോ ..?... ഒന്ന് കൂടി ചോദിച്ചു ...

Yes dear …മറുപടി കിട്ടി ...പിന്നെ ഫുഡ് കഴിച്ചോ ....not yet ..ഇതായിരുന്നു മറുപടി

..ഒരു സായിപ്പു വന്നിരിക്കുന്നു .. ഞാൻ ഓർത്തു ..

പാട്ട്കേട്ടു അറിയാതെ ഉറങ്ങിപ്പോയി ....പെട്ടെന്ന് എണീറ്റ് മൊബൈൽ നോക്കി ..മെസ്സേജ് ഉണ്ട് ...1am arrived home safely…ഇപ്പൊ സമയം എന്തായി ..3.05am.

sleep well .. മെസ്സേജ് അയച്ചു..

ഞാൻ വീണ്ടും ഉറങ്ങി .....മൊബൈൽ   അലാറം  അടിക്കുന്നത് കേട്ടാണ് ഉണർന്നത് ..

ചാടി എണീറ്റ് ...ഫ്രഷ് ആയി ..പൂവ് എടുത്തു നോക്കി ...വിടർന്നു വരുന്നു...ഇച്ചായന്റെ ഇഷ്ട നിറം വെള്ള ആണെന്നാ എന്റെ ഓർമ..വെള്ള ചുരിദാറും ..നീല ഷാൾ ആയാലോ ..അടിപൊളി ..

താഴെ വന്നു ..ചായ കുടിച്ചിട്ട് ..സ്കൂട്ടി എടുത്തു ...വഴി ഒന്ന് മാറ്റി പിടിച്ചാലോ ...ഇച്ചായന്റെ വീടിനു മുന്നിലൂടെ പോയാലോ?..

ഗുഡ് ഐഡിയ ...ഞാൻ വീട്ടിലേക്കു നോക്കി ..ആരും ഇല്ല ..പതുക്കെ വണ്ടി തിരിച്ചു ...സ്ലോവിൽ ആണ് പോകുന്നെ ...എങ്ങാനും കാണാൻ പറ്റിയാലോ?..കണ്ടാൽ ചിലപ്പോൾ എന്റെ കൂടെ വന്നാലോ ..?..അത് വേണ്ട ..കുറച്ചു കഴിഞ്ഞു മതി ...

ജെയിംസ് ചേട്ടൻ പോയില്ലേ  ഇതുവരെ,   ഇച്ചായന്റെ  വീടിന്റെ മുന്നിൽ നിന്നും ഫോൺ ചെയ്യുന്നു...എന്നെ കൈ കാട്ടി വിളിച്ചു ...വണ്ടി നിർത്തി എന്താ എന്ന് ചോദിച്ചു ....നീ അകത്തേക്ക് ചെല്ലാൻ പറഞ്ഞിട്ട് വീണ്ടും ഫോൺ വിളി തുടർന്നു.....എനിക്കൊന്നും മനസ്സിലായില്ല ....ഞാൻ വണ്ടിയിൽ വെച്ചിരുന്ന ചുവന്ന റോസാപ്പൂവ് എടുത്തു ഷാൾ കൊണ്ട് മറച്ചു പിടിച്ചിട്ടു അകത്തേക്ക് കയറി..ജെയിംസ് ചേട്ടൻ എന്നെ തള്ളിക്കൊണ്ട് അവന്റെ റൂമിലേക്ക് പോ കൊച്ചെ ..എന്ന് പറഞ്ഞു...

തോമസ് അങ്കിൾ  മുകളിൽ നിൽപ്പുണ്ട് ..ഞാൻ നേരെ സ്റ്റെപ് കയറി മുകളിൽ എത്തി ...ഇച്ചായന്റെ റൂമിൽ എല്ലാരും ഉണ്ട് ..ചേട്ടനും , ചേച്ചിയും ആനി ആന്റിയും പിന്നെ  ഏലിയും ....

എല്ലാവരേം നോക്കി ഇച്ചായൻ കിടക്കുന്നു ..കൈകൾ കൂപ്പി ..കണ്ണുകൾ അടച്ചു..ചെറു പുഞ്ചിരിയോടെ...

 

“അവൻ നിന്നെ കാണാൻ നിൽക്കാതെ പോയെടി “...ഏലി കരഞ്ഞുകൊണ്ട് പറഞ്ഞു ..

ഞാൻ മരവിച്ചു നിന്ന് പോയി ,...എന്റെ കണ്ണുകളെ വിശ്വസിക്കാൻ പറ്റുന്നില്ല ..തൊണ്ടയിൽ നിന്നും വെള്ളം ഇറങ്ങുന്നില്ല ...അനങ്ങാൻ പോലും പറ്റുന്നില്ല ...

ഡോക്ടർ ടോണി വന്നു , ഫിസിഷ്യൻ ആണ് ....ചെക്ക് ചെയ്തു ...എന്നിട്ട് ..സൈലന്റ് അറ്റാക്ക് ആണ് ...നമുക്ക് ഹോസ്പിറ്റലിലേക്ക് മാറ്റാം എന്ന് പറഞ്ഞു ....

ഒരു കൂട്ടക്കരച്ചിൽ കേട്ടു , ഞാൻ പതിയെ അവിടെ നിലത്തിരുന്നു ..

ഇച്ചായന്എന്തെങ്കിലും അസുഖം ഉള്ളതായി അറിയാമോ എന്ന് ഡോക്ടർ ജെയിംസ് ചേട്ടനോട് ചോദിക്കുന്നത് കേട്ടു ...അവനു പണ്ട് ഒരു ചെറിയ വളർച്ച തലച്ചോറിൽ ഉണ്ടെന്നു റോഷൻ പറഞ്ഞതായി ഓർക്കുന്നു ...പക്ഷെ ..വേറെ ഒന്നും ആർക്കും അറിയില്ല ....

 

പാവം ഇച്ചായൻ ..ആരോടും ഒന്നും പറഞ്ഞിരുന്നില്ല ...ആരെയും ഒന്നും അറിയിച്ചുമില്ല...എല്ലാം ഒറ്റയ്ക്ക് സഹിച്ചിട്ടു പോയി ..

ഇതിനാണോ നീ എന്നെ വിളിച്ചേ ?....എന്നോട് പ്രതികാരം ചെയ്യാനാണോ നീ വന്നേ? ..ഇപ്പൊ നീ ശരിക്കും ജയിച്ചു ...നിന്റെ പൂവ് ഞാൻ മേടിച്ചില്ല ..

ഞാൻ കൊണ്ടുവന്നത് നീയും .....!!!! 

ഇന്നും ഇച്ചായന്റെ കയ്യിൽ നിന്നും  വാങ്ങാനാവാതെ പോയ പൂവ് എന്റെ കണ്ണ് നിറക്കാറുണ്ട്...

അപ്പോഴേക്കും മഴ പെയ്തു തുടങ്ങിയിരുന്നു ...